ന്യൂഡൽഹി ∙ മണിപ്പുരിലെ അക്രമസംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം ഒന്നര മണിക്കൂറോളം പിന്നിട്ടിട്ടും മണിപ്പുർ വിഷയം മോദി പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി വിമർശിച്ചു. പ്രതിപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും നിറച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തു. രാഷ്ട്രീയക്കളി മാത്രമാണു പ്രതിപക്ഷത്തിനു താൽപര്യമെന്നു മോദി ആരോപിച്ചു. മണിപ്പുരിൽ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്കു സർക്കാരിൽ പൂർണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം ‘മോദി, മോദി’ എന്നു പറഞ്ഞ് ഡെസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം ‘ഇന്ത്യ, ഇന്ത്യ’ എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാൻ സ്പീക്കർ ഓം ബിർല പലതവണ നിർദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോൾ, ‘മണിപ്പുരിനെപ്പറ്റി പറയൂ’ എന്നു പറഞ്ഞ് പ്രതിപക്ഷം പോസ്റ്റർ ഉയർത്തിയിരുന്നു.
പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് ‘അവിശ്വാസം’ കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രമേയം അവതരിപ്പിക്കാൻ പഠിച്ചു തയാറെടുത്തു വന്നുകൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. ജനവിശ്വാസം നേടാൻ കഴിയാത്തവരാണ് പ്രതിപക്ഷം. രാജ്യം വളർച്ചയുടെ നാഴികക്കല്ലുകൾ ഒന്നൊന്നായി പിന്നിടുന്നു. അഴിമതിരഹിത ഇന്ത്യ നിർമിക്കാൻ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായതന്നെ മാറ്റി. പൊതുമേഖലാ ബാങ്കുകളുടെ നേട്ടം ഇരട്ടിയായി. ഏതു മാനദണ്ഡംവച്ചു നോക്കിയാലും ഇന്ത്യയുടെ വളർച്ച പ്രകടമാണ്. അവിശ്വാസ പ്രമേയം സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണു പ്രമേയചർച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ് എന്ന് മോദി പറഞ്ഞു.