
ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ഭാഗികമായി ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു.ഝാര്‍ഖണ്ഡ് സ്വദേശിനിയായ പൂജ ദത്തയാണ് മരിച്ചത്. ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഫ്ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്റെ വാടകക്കാരിയാണെന്ന് വീട്ടുടമ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.


