മനാമ: കോവിഡ് പകർച്ചവ്യാധിയുടെ ഏറ്റവും പ്രയാസമേറിയ ഭാഗങ്ങളിലൊന്നാണ് സാമൂഹിക അകലം പാലിക്കൽ നടപടികൾ മൂലം പ്രായമായ ബന്ധുക്കളെ സന്ദർശിക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ അനുവദിക്കുന്നില്ല എന്നത്. എന്നാൽ നേരിട്ടുള്ള സമ്പർക്കം കൂടാതെ വ്യക്തികളെ ആലിംഗനം ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയം.
കോവിഡ് വ്യാപനത്തെ തുടർന്ന് 6 മാസത്തോളമായി പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനും ആലിംഗനം ചെയ്യുന്നതിനുമുള്ള അവസരമൊരുക്കിയത്. ഇവർക്കായി ഒരു ”ഹഗ് കർട്ടൻ” സജ്ജമാക്കിയാണ് മന്ത്രാലയം പെരുന്നാൾ സമ്മാനമൊരുക്കിയത്.
രാജ്യത്തെ കോവിഡ് -19 പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർ മാസങ്ങളോളം അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും വിഷമഘട്ടത്തിൽ നിൽക്കുന്ന ഈ സമയത്ത് മാന്ത്രാലയമൊരുക്കിയ ഈദ് സമ്മാനം ആരോഗ്യപ്രവർത്തകരിൽ ആശ്ചര്യവും സന്തോഷവും പകർന്നു നൽകുന്നു.