മനാമ: തപാൽ ഡെലിവറി ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വഞ്ചനാപരമായ സന്ദേശങ്ങളെക്കുറിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്റൈൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ബഹ്റൈൻ പോസ്റ്റിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുകയും സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തപാൽ ഡെലിവറി ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ സന്ദേശങ്ങൾ വ്യാജമാണ്, അത് തട്ടിപ്പുകൾക്കും ഐഡന്റിറ്റി മോഷണത്തിനും ഇടയാക്കുമെന്നും ബഹ്റൈൻ പോസ്റ്റ് അറിയിച്ചു.
ബഹ്റൈൻ പോസ്റ്റ് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതോ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പകരം, എല്ലാ തപാൽ സേവനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു.എന്തെങ്കിലും സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ, ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വഞ്ചനാപരമായ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും എല്ലാ ബഹ്റൈൻ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ബഹ്റൈൻ പോസ്റ്റ് വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അയച്ചയാളുടെയും സന്ദേശത്തിന്റെയും ആധികാരികത എല്ലായ്പ്പോഴും പരിശോധിക്കുകതുടങ്ങിയ മുൻകരുതലുകൾ എടുക്കുന്നതിലൂടെ, ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ ഇരയാകുന്നതിൽ നിന്ന് സ്വയം രക്ഷ നേടാം.