തിരുവനന്തപുരം: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഓഫീസർ ബി അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. ഇന്നലെ രാത്രിയാണ് വി സി ലെനിനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പീരുമേട് ഡി വൈ എസ് പിയുടെ നിർദേശപ്രകാരം ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇന്ന് രാവിലെ വി അനിൽ കുമാർ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് (24) വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയത്. 2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡും ചെയ്തിരുന്നു. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.