മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയ്ക്കും പത്നി മോണിക്ക ശ്രീവാസ്തവയ്ക്കും യാത്രയയപ്പ് നൽകി. ബഹ്റൈനിലെ തന്റെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഡൽഹിയിലേക്ക് യാത്രയാകും .
ജൂൺ 8-ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള കമ്മ്യൂണിറ്റി നേതാക്കൾ, വ്യവസായികൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐസിആർഎഫ് ഭാരവാഹികൾ അദ്ദേഹത്തെയും മോണിക്ക ശ്രീവാസ്തവയെയും ആദരിച്ചു.
സമൂഹ ക്ഷേമത്തിന് അംബാസഡർ നിർണായക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ സർക്കാർ ഉദ്യോഗസ്ഥരുമായും പ്രാദേശിക സംഘടനകളുമായും കമ്മ്യൂണിറ്റി അംഗങ്ങളുമായും സജീവമായി ഇടപഴകുകയും സാംസ്കാരിക വിനിമയവും സഹകരണവും ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു,” ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
ബഹ്റൈൻ സർക്കാരിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ കീൻ 4 ബഹ്റൈൻ, കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തെലുഗ് കലാ സമിതി (TKS), ബഹ്റൈൻ പ്രതിഭ, എസ്.എൻ.സി.എസ്, കേരള ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്റൈൻ, കേരള കാത്തലിക് അസോസിയേഷൻ (KCA), പാലക്കാട് ആർട്ട് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT), ബഹ്റൈൻ നവകേരള, ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി (SYMS), കാൻസർ കെയർ ഗ്രൂപ്പ്, സംസ്കൃതി ബഹ്റൈൻ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, പടവ് തുടങ്ങിയ മറ്റ് അസോസിയേഷനുകളും അംബാസഡറെ ആദരിച്ചു.