തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്തയുടെ നടപടി വിവാദമായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്.
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസാണിത്. കേസിന്റെ പേരിൽ ലോകായുക്തയുടെ ചിറകുകൾ ഇളക്കാൻ പോലും സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലാണ് കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിരീക്ഷണത്തെ തുടർന്നാണ് ഹർജിക്കാരനായ ആർ.എസ് ശശികുമാർ ലോകായുക്തയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് 25 ലക്ഷം രൂപയും അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രന്റെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യയ്ക്ക് 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരാണ് വിധി പ്രസ്താവിക്കേണ്ടത്.