ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ്. ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും ജയിൽ മോചിതരായ പ്രതികൾക്കുമാണ് നോട്ടീസയച്ചിരിക്കുന്നത്.
ജയിൽ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും കോടതി നിർദേശിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ ജസ്റ്റിസ് കെ.എം.ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. മഹാരാഷ്ട്രയിലാണ് പ്രതികളുടെ വിചാരണ നടന്നത്. അവിടെയുള്ള കോടതിയാണ് ഇവരെ ശിക്ഷിച്ചത്. പിന്നെ ശിക്ഷയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും, മൂന്ന് വയസുള്ള മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെയായിരുന്നു ബിൽക്കിസ് ബാനു ഹർജി നൽകിയത്.