കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. മൂന്ന് മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ചാവേർ ആക്രമണമാണിത്.
വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള വാണിജ്യ കേന്ദ്രത്തിന് മുന്നിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ചാവേറിനെ സുരക്ഷാ സേന തിരിച്ചറിഞ്ഞെങ്കിലും പിടിയിലാകുന്നതിനുമുമ്പ് തന്നെ പൊട്ടിത്തെറിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് അഫ്ഗാൻ സൈനികരും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.