കുവൈത്ത് സിറ്റി: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ കുവൈറ്റിൽ പലയിടത്തും വെള്ളക്കെട്ട്. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നുപോകുന്ന റോഡുകളാണ് അടച്ചത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, കുവൈറ്റിൽ അർദ്ധരാത്രിയോടെ മർദ്ദം ഉയർന്ന് മൂടൽമഞ്ഞ് കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ നീങ്ങുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കടൽ തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും അബ്ദുൽ അസീസ് അൽ ഖറവി പറഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ഊഷ്മളമായ താപനിലയും രാത്രി തണുപ്പും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.