മുംബൈ: ഗായകൻ സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. സോനു നിഗത്തിന്റെ പിതാവ് അഗം കുമാറിന്റെ മുംബൈയിലെ വെസ്റ്റ് അന്ധേരിയിലെ ഫ്ലാറ്റില്‍ നിന്നും 72 ലക്ഷം മോഷ്ടിച്ച ഇദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റഹ്മാൻ മുജ്ജ്വര് എന്ന 30 കാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ജോഗ്സ്വാരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഷിവാര പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഒടുവില്‍ 70.7 ലക്ഷം രൂപ ഇയാളുടെ വീട്ടിലെ ഒരു കബോര്‍ഡില്‍ നിന്നും വെള്ളിയാഴ്ച കണ്ടെത്തി. എട്ടുമാസമായി ഇയാള്‍ മോഷണം ആസൂത്രണം ചെയ്യുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതിന് അവസരം ലഭിച്ചില്ല.
ഒടുവിൽ ഫ്ലാറ്റിന്റെ വ്യാജ താക്കോൽ നിർമ്മിച്ച് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോനു നിഗത്തിന്റെ സഹോദരി നിഖിതയാണ് പൊലീസിൽ പരാതി നൽകിയത്. പിതാവ് ഫ്ലാറ്റിലെ ലോക്കർ തുറന്നപ്പോൾ അതിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതായി അറിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.