കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവർക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയായ അറ്റൻഡർ ശശീന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതി പിൻവലിക്കാൻ ജീവനക്കാർ ഇരയെ സമ്മർദ്ദത്തിലാക്കിയ സംഭവത്തിന് പിന്നിൽ പ്രതി ശശീന്ദ്രന്റെ രാഷ്ട്രീയ സ്വാധീനമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിതനായ ശശീന്ദ്രൻ പിന്നീട് സ്ഥിരം ജീവനക്കാരനാവുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയ വിഭാഗത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ളവർ ശശീന്ദ്രനെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിക്കുകയായിരുന്നു അറ്റൻഡർ എന്ന നിലയിൽ ശശീന്ദ്രന്റെ ജോലി. സംഭവ ദിവസം പ്രതി വനിതാ വാർഡിലുണ്ടായിരുന്നു. രോഗിയുടെ വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്ത നഴ്സിനോട് യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോ എന്ന് നഴ്സ് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു. തുടർന്ന് ഇയാളെ ശകാരിച്ച് ഇറക്കി വിടുകയായിരുന്നെന്ന് നഴ്സ് പൊലീസിനോട് പറഞ്ഞു. പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോൾ കൂട്ടിരിപ്പുകാരനായ ഭർത്താവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് പോലീസിനും ആശുപത്രി അധികൃതർക്കും പരാതി നല്കുകയായിരുന്നു.