ന്യൂഡൽഹി: ‘വാരിസ് പഞ്ചാബ് ദേ’ നേതാവും, ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതും ഉൾപ്പെടുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ആയുധങ്ങൾ വിതരണം ചെയ്യുന്നത്. അമൃത്സറിലെ ജല്ലുപൂർ ഖേരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രങ്ങളിലും ഗുരുദ്വാരകളിലും ആണ് ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.
‘വാരിസ് പഞ്ചാബ് ദേ’ സംഘടിപ്പിച്ച ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ സമാഹരിച്ച പണത്തിന് കണക്കില്ല. ചെലവിന്റെയും പണത്തിന്റെയും ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിലയേറിയ വാഹനങ്ങളുടെ ഒരു നിര അമൃത്പാലിനുണ്ട്.
പഞ്ചാബിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് അവർക്ക് അസഹിഷ്ണുതയുണ്ട്. യുവാക്കളെ തോക്ക് സംസ്കാരത്തിലേക്ക് തള്ളിവിടുകയാണെന്നും, നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്നതായും രഹസ്യാന്വോഷണ വൃത്തങ്ങൾ വെളിപ്പെടുത്തി.