കൊച്ചി: ജോർജ് വർഗീസിൻ്റെ സംവിധാനത്തിൽ ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഐ സി യുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് താന്തോന്നി റിലീസ് ചെയ്ത അതേ ദിവസം( മാർച്ച് 19 ന്) ആണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടത്.
വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് നായകനാകുന്ന ചിത്രമാണിത്. മിനി സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൂര്യ നിർമ്മിച്ച ഉറിയടി എന്ന തമിഴ് ചിത്രത്തിലെ നായികയായ വിസ്മയയാണ് ഐ സി യുവിലെ നായിക.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ. സി ലോകനാഥൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം ജോസ് ഫ്രാങ്ക്ലിൻ, കലാസംവിധാനം ബാവ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റോണക്സ്, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, സൗണ്ട് മിക്സിംഗ് എം.ആർ.രാജകൃഷ്ണൻ, പി.ആർ.ഒ.എസ് ദിനേശ്, ആതിര ദിൽജിത്ത്.