ചണ്ഡിഗഡ്: ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമൃത്സറിലും ജലന്തറിലും കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അമൃത്പാലിന്റെ അടുത്ത സഹായികളെ കസ്റ്റഡിയിലെടുത്തു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടിക്ക് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന.
അമൃത്പാൽ സിങ്ങിന്റെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എല്ലാ റോഡുകളും അടയ്ക്കുകയും ജലന്തറിലെ ഷക്കോട്ടിൽ വലിയ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത് പാലിന്റെ നാടായ അമൃത്സർ ജില്ലയിലെ ജല്ലുപൂർ ഖൈറയ്ക്ക് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമം പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിയന്ത്രണത്തിലാണ്.
അമൃത്പാൽ സിങ്ങിന്റെ അനുയായികൾ കഴിഞ്ഞ മാസം അമൃത്സർ ജില്ലയിലെ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റാരോപിതനായ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളും വാളുകളുമായി രണ്ടായിരത്തോളം ആളുകൾ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആക്രമണം നടത്തിയത്. ലവ്പ്രീതിനെ മോചിപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് മടങ്ങിയത്. വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16ന് അമൃത്പാലിനും കൂട്ടാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീത് അറസ്റ്റിലായത്.