ലഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലാഹോർ വസതിയിൽ ഇരച്ചുകയറി പൊലീസ് സംഘം. അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയിലേക്ക് ഇമ്രാൻ ഖാൻ പോയസമയത്താണ് പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലേക്ക് കയറിയത്. സംഘം വീട്ടിൽ കയറുമ്പോൾ ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന പാർട്ടി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ 10ഓളം തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ 30 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. വീട്ടിലേക്ക് കയറിയ പൊലീസ് സംഘം അവിടെ തടിച്ചുകൂടിയ ഇമ്രാന്റെ പാർട്ടി പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതിന്റെ വീഡിയോ പാർട്ടി പുറത്തുവിട്ടു.
അതേസമയം, പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചതിനെ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വിറ്ററിൽ രംഗത്തെത്തി. “വീട്ടിൽ ബുഷ്റ ബീഗം മാത്രമുണ്ടായിരുന്നപ്പോൾ പഞ്ചാബ് പോലീസ് സമൻ പാർക്കിലെ വീട്ടിൽ അതിക്രമിച്ച് കയറി. ഏത് നിയമപ്രകാരമാണ് അവർ ഇത് ചെയ്തത്? ഒളിവിലുള്ള നവാസ് ഷെരീഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ‘ലണ്ടൻ പ്ലാനിന്റെ’ ഭാഗമാണിത്,” ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.