ന്യൂഡല്‍ഹി/വാഷിങ്ടന്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക അത്താഴവിരുന്ന് നൽകിയേക്കും. രാഷ്ട്രത്തലവൻമാരെ ആദരിക്കുന്നതിനാണ് യു.എസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ചൈനീസ് വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൈഡൻ നരേന്ദ്ര മോദിക്ക് അത്താഴവിരുന്ന് ഒരുക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ചിലപ്പോൾ തീയതി മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മെയ് മാസത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബൈഡൻ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഏപ്രിൽ 26നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിനായി അത്താഴവിരുന്ന് ഒരുക്കുന്നത്. സെപ്റ്റംബറിൽ ഡൽഹിയിൽ ജി 20 നേതാക്കൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം പ്രധാന ചർച്ചാ വിഷയമാകാനാണ് സാധ്യത. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എത്തുമോ എന്ന് വ്യക്തമല്ല.
പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. ജൂണിലോ ജൂലൈയിലോ മോദി അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തീയതി നിർണ്ണയിക്കാൻ നയതന്ത്രജ്ഞർ ചർച്ചകൾ ആരംഭിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. ജി 20 പ്രസിഡന്റ് എന്ന നിലയിൽ മോദിക്ക് ഈ വർഷം നിരവധി പരിപാടികളുണ്ട്. സെപ്റ്റംബറിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള രാഷ്ട്രത്തലവൻമാർ യോഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും പ്രതിരോധ, സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി വാഷിംഗ്ടണിൽ ചർച്ച ആരംഭിച്ചിരുന്നു.