തിരുവനന്തപുരം: നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. നെയ്യാറിലെ മണൽ മാഫിയയ്ക്കെതിരെ കൈയിൽ വെട്ടുകത്തിയുമായി ഒറ്റയ്ക്ക് പോരാടിയ ഡാളിയമ്മൂമ്മയുടെ പോരാട്ടം തികച്ചും വ്യത്യസ്തമായിരുന്നു. നെയ്യാർ ഓലത്താന്നി പാതിരിശ്ശേരികടവിലാണ് താമസിച്ചിരുന്നത്. മണൽമാഫിയ സമീപത്തെ സ്ഥലങ്ങളെല്ലാം പണം വാങ്ങി കുഴിച്ചെടുത്തപ്പോൾ മുത്തശ്ശി മാത്രം സ്ഥലം വിട്ടുകൊടുത്തില്ല.
ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടും ഒറ്റത്തുരുത്തിലെ വീട്ടിൽ ഡാളിയമ്മൂമ്മ ഏകയായി ധൈര്യത്തോടെ നിലകൊണ്ടു. സിനിമാ താരങ്ങളടക്കം ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ പ്രളയത്തിൽ വീട് തകർന്നപ്പോൾ ധാരാളം സഹായഹസ്തങ്ങളും അമ്മൂമ്മയ്ക്ക് നേരെ വന്നു. ഒരു വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് അമ്മൂമ്മയെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് മാഫിയയെയും മുട്ടുകുത്തിക്കാൻ കഴിയുമെന്നാണ് പ്രകൃതിസ്നേഹി കൂടിയായ ഡാളിയമ്മൂമ്മ നമുക്ക് കാണിച്ച് തന്നത്.