ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പ്രതികരിച്ചില്ലെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിൽ മാലിന്യം കത്തിയുണ്ടായ പുകമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. തുടർന്നാണ് ആരോഗ്യ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രം സ്വമേധയാ സംസ്ഥാന സർക്കാരിനെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് മൻസുഖ് മാണ്ഡവ്യ ജെബി മേത്തറിനോട് പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂർണമായും മൂടിവയ്ക്കാൻ വേണ്ടിയാണ് സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടാതിരുന്നതെന്നും ജെബി മേത്തർ ആരോപിച്ചു.