ലഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. തോഷാഖാന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസ് മടങ്ങി. അറസ്റ്റ് ചെയ്യുന്നതിൽ നിന്നു വ്യാഴാഴ്ച വരെ കോടതി പൊലീസിനെ വിലക്കി. ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവരും പാകിസ്ഥാൻ പൊലീസും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം നിയന്ത്രണാതീതമായിരുന്നു.
ലാഹോർ ഹൈക്കോടതിയിൽ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അദ്ദേഹത്തിന്റെ അനുയായികൾ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലായിരുന്നു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ്(പിടിഐ) നേതാവ് ഫവാദ് ചൗധരിയാണ് കോടതിയിൽ ഹർജി നൽകിയത്. കേസ് പരിഗണിക്കവെ ചീഫ് സെക്രട്ടറി, ഇസ്ലാമാബാദ് പൊലീസ് മേധാവി, പഞ്ചാബ് ഐജി എന്നിവരോട് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.