ഭോപാൽ: മധ്യപ്രദേശിലെ വിദിശയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴ് വയസുകാരനെ 24 മണിക്കൂറിന് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലി തൊഴിലാളി ദിനേശ് അഹിർവാറിന്റെ മകൻ ലോകേഷ് അഹിർവാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.
60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. നാട്ടുകാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. മധ്യപ്രദേശ് ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൈപ്പിലൂടെ കുഞ്ഞിന് ഓക്സിജൻ നൽകുകയും ക്യാമറയിലൂടെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
24 മണിക്കൂറിനുള്ളിൽ കുഴൽക്കിണറിന് സമാന്തരമായി 50 അടി താഴ്ചയിൽ മറ്റൊരു കുഴി കുഴിച്ച് കുഞ്ഞിനെ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.