യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റ്, ഇടിമിന്നലോട് കൂടിയ മഴ, മിതമായ മഴ എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. സീർ അൽബാഹ, ഹാഇൽ, അൽഖസീം, നജ്റാൻ, ജീസാൻ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പൊടിക്കാറ്റും മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, അൽ ഖസിം എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മക്ക, തബൂക്ക് തുടങ്ങിയ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകും. മദീന, റിയാദിന്റെ ചില ഭാഗങ്ങൾ, അൽ ജൗഫിന്റെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലുണ്ടാകും.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും വ്യാഴാഴ്ച മിതമായ മഴ പ്രതീക്ഷിക്കുന്നു. ത്വാഇഫ് പ്രദേശത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് ത്വാഇഫിലെ അൽഹാദ പാസ് താൽക്കാലികമായി അടച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.