കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരം വായു മലിനീകരണത്തിൽ വലയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബ്രഹ്മപുരത്തെ വിഷപ്പുക പ്രശ്നത്തിൽ പ്രതികരണവുമായി സൂപ്പർതാരം മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.
ശ്വാസം മുട്ടി ഇനിയും കൊച്ചിയിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. രാത്രിയിൽ ഞെട്ടിയുണർന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ്ങിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂനെയിലായിരുന്നു. വീട്ടിലെത്തിയതു മുതൽ നല്ല ചുമ. ക്രമേണ ശ്വാസം മുട്ടലുണ്ടായി. ഇപ്പോഴും ശ്വാസംമുട്ടൽ ഉണ്ട്. പലരും തന്നോട് സംസാരിച്ചപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നും നാട്ടിലേക്ക് പോവുകയാണെന്നുമാണ് പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.