മനാമ: പൗരന്മാർക്ക് ആധുനികവും സംയോജിതവുമായ സേവനങ്ങൾ നൽകുന്നതിനായി ബഹ്റൈൻ ആധുനിക ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി.
ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ബഹ്റൈന്റെ ഇ-പാസ്പോർട്ട് പുറത്തിറക്കിയത്.
സാമ്പത്തിക വീണ്ടെടുക്കലും ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെയും ഭാഗമായിട്ടാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ആധുനിക സുരക്ഷാ സാങ്കേതിക വിദ്യകളോടെയാണ് പാസ്പോര്ട്ട് പുറത്തിറക്കിയത്. പാസ്പോർട്ട് ഉടമയുടെ എല്ലാ സുപ്രധാന ഡാറ്റയും ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രോണിക് ചിപ്പും പാസ്സ്പോർട്ടിലുണ്ട്.
ഇത് കൂടുതൽ സുരക്ഷിതവും പൗരന്മാർക്ക് മികച്ച യാത്രാനുഭവവും സമ്മാനിക്കും. കൂടാതെ ഈ പാസ്പോർട്ട് വ്യാജമായി നിർമ്മിക്കുന്നതും പ്രയാസമാണ്.
പുരാതന ബഹ്റൈൻ നാഗരികതയും പൈതൃകവും പ്രതിഫലിപ്പിക്കുന്നു തരത്തിലാണ് പുതിയ പാസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ പറഞ്ഞു.
ഇ-പാസ്പോർട്ട് പുറത്തിറക്കുന്നത് വഴി പൗരന്മാർക്ക് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കാൻ സാധിക്കും. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന മേഖലയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഇലക്ട്രോണിക് പാസ്പോർട്ട്.