തിരുവനന്തപുരം: നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. ജെബി മേത്തർ എംപി ഉൾപ്പെടെയുള്ളവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. അതേസമയം, ഇവരെ പിടിച്ചുമാറ്റാൻ പോലീസുകാർ ശ്രമിച്ചതായും ആരോപണമുണ്ട്.
മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെയാണ് പോലീസുമായി സംഘർഷമുണ്ടായത്. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും പോലീസും മുഖാമുഖം വന്നത്തോടെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മഹിളാ കോൺഗ്രസ് പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി.