തൃശൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയ് പിള്ള? 30 കോടി രൂപ നൽകാൻ പ്രേരിപ്പിച്ച തെളിവുകൾ എന്താണ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പല തവണ ഉയർന്നുകേൾക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന മുഖ്യമന്ത്രിക്ക് മാത്രമല്ല പാർട്ടിക്കും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വപ്ന നേരത്തെ പറഞ്ഞ പല കാര്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാണ് അയച്ചത്, എന്തിനാണ് അയച്ചതെന്ന് അന്വേഷിക്കണമെന്നും എല്ലാത്തിനും എംവി ഗോവിന്ദൻ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെ ഇടപെട്ട് വിജയ് പിള്ള എന്ന ഇടനിലക്കാരന്റെ സഹായത്തോടെ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് സ്വപ്ന ഇപ്പോൾ ആരോപിക്കുന്നത്. ഗോവിന്ദൻ മാസ്റ്റർ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള പറഞ്ഞതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. യൂസഫലിയെ ഉപയോഗിച്ച് യുഎഇയിൽ തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കുടുക്കുമെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് തന്നെ ജയിലിലാക്കാൻ യൂസഫലിക്ക് എളുപ്പമാണെന്നും വിജയ് പിള്ള പറഞ്ഞുവെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്.