തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടുത്തത്തിൽ പിണറായി വിജയന്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങൾ പ്രാണ വായുവിനായി നെട്ടോട്ടമോടുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. മാലിന്യ സംസ്കരണത്തിൽ പോലും ബന്ധുനിയമനം നടത്തി വിളിച്ചു വരുത്തിയ ദുരന്തമാണിത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ കമ്പനിക്ക് മറ്റ് പല പദ്ധതികളുടെയും കരാർ നൽകാൻ മുൻകൈയെടുത്തത് പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ദ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തേണ്ടതായിരുന്നു. ചിരട്ട കമിഴ്ത്തി വച്ചില്ലെങ്കിൽ കൊതുകുകൾ വരുമെന്ന് കൊവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച ആളാണ് പിണറായി വിജയൻ. അദ്ദേഹം എവിടെപ്പോയെന്ന് മാധ്യമങ്ങൾ കണ്ടെത്തട്ടെ. രണ്ട് ദിവസത്തിനുള്ളിൽ തീ അണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശ സ്വയംഭരണ മന്ത്രിയും ഒളിച്ചു. അഴിമതിയുടെ മാലിന്യം മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. ആമസോൺ വനങ്ങളിലെ തീപിടിത്തത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കൾ അധികാരക്കസേരയിൽ ഇരിക്കുമ്പോൾ കേരളം ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപ്പിടിച്ചിട്ട് ദിവസങ്ങളായി. പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ അഴിമതിയുടെ ചാരമാണ് ബ്രഹ്മപുരത്ത് എരിയുന്നത്. വിഷവാതകം ശ്വസിപ്പിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്ന ഇടത് വലത് നേതാക്കളെ എന്തു ചെയ്യണം? ഉത്തരവാദപ്പെട്ടവർ പോലും ഇതിന് ഉത്തരം പറയേണ്ടി വരില്ല. എല്ലാവരും ഒഴിഞ്ഞുമാറി. കളക്ടർ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.