തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാൻ കഴിയില്ല. സമരം പ്രോത്സാഹിപ്പിച്ചാൽ വി ഡി സതീശൻ വീട്ടിൽ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കരിങ്കൊടി സംഘങ്ങളെ അക്രമത്തിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. തനിക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് കരുതുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.
തമിഴ്നാട്ടിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി ഉൾപ്പെടെ അഞ്ച് ഭാരവാഹികളെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മുന്നോടിയായി നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയൻകുളങ്ങരയിലും കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസുകാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.