ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ അഗ്നിബാധ. നിരവധി വീടുകൾ കത്തി നശിച്ചു. ആയിരക്കണക്കിനാളുകൾ തെരുവിലായി. പ്രദേശം കറുത്ത പുകകൊണ്ട് മൂടപ്പെട്ടു. അതിർത്തി ജില്ലയായ കോക്സ് ബസാറിലെ ക്യാമ്പ് 11 ലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോക്സ് ബസാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് റഫീഖുൽ ഇസ്ലാം വ്യക്തമാക്കി.
അതേസമയം തീ നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. അഭയാർഥി ദുരിതാശ്വാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഓഫീസർ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകർന്ന വീടുകളുടെ കണക്കും പൊലീസ് ഉദ്യോഗസ്ഥർ നൽകിയിട്ടില്ല.
നേരത്തെയും കോക്സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിൽ തീപിടുത്തമുണ്ടായിരുന്നു. 2021 മാർച്ചിൽ ഉണ്ടായ തീപിടുത്തത്തിൽ 15 അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തിരുന്നു. 2017ൽ മ്യാൻമറിലെ സൈനിക നടപടിയിൽ നിന്ന് രക്ഷപ്പെട്ടാണ് ഇവർ ബംഗ്ലാദേശിലെത്തിയത്.