ശനിയാഴ്ച ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിൽ ഓസ്ട്രേലിയയുടെ ബെത്ത് മൂണി ഗുജറാത്ത് ജയന്റ്സിനെ നയിക്കും. ഇന്ത്യയുടെ സ്നേഹ് റാണയാകും വൈസ് ക്യാപ്റ്റൻ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നു.
29 കാരി മൂണി ഓസ്ട്രേലിയൻ ബാറ്ററാണ്. കഴിഞ്ഞ ദിവസം സമാപിച്ച വനിതാ ടി 20 ലോകകപ്പിൽ കിരീടം ഉയർത്തിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു മൂണി. അർധസെഞ്ച്വറി നേടിയ മൂണി തന്നെയായിരുന്നു കളിയിലെ താരം. 83 ടി20 മത്സരങ്ങളിൽ നിന്ന് 2300ലധികം റൺസ് മൂണി നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ രണ്ട് സെഞ്ച്വറികളും മൂണിയുടെ പേരിലുണ്ട്. ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ മൂന്ന് തവണ കിരീടം നേടിയ ചരിത്രവും മൂണിക്കുണ്ട്.
മൂണി, റാണ എന്നിവരെ കൂടാതെ ആഷ്ലി ഗാർഡ്നർ, സോഫിയ ഡങ്ക്ലി, ഹർലീൻ ഡിയോൾ, ഡിയാൻഡ്ര ഡോട്ടിൻ എന്നിവരും ജയന്റ്സിലെ പ്രധാന താരങ്ങൾ ആണ്. സീസണിലെ ആദ്യ മത്സരത്തിൽ ജയന്റ്സ് ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടും.