കോഴിക്കോട്: ഇടത് കാലിലെ തകരാറിന് ചികിത്സ തേടിയ യുവതിയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശിനി സജ്ന(60)യുടെ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്. എട്ട് മാസമായി സജ്നയെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്.
വാതിലിനുള്ളിൽ കുടുങ്ങിയ കാലിലെ ഞരമ്പിന് ക്ഷതമേറ്റതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സജ്നയെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആശുപത്രിയുടെ ഓർത്തോ ഹെഡ് കൂടിയായ ബഹിർഷാൻ ആണ് സജ്നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കാൽ അനക്കാൻ കഴിയാതെ വന്നതോടെയാണ് ഇടതുകാലിന് പകരം വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായത്. തുടർന്ന് സജ്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. തെറ്റുപറ്റിയെന്ന് ഡോകർ സമ്മതിച്ചതായി സജ്നയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്കിയിട്ടുണ്ട്.