മനാമ: ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി), ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബിയോൺ മണിയുമായി സഹകരിച്ച്, ബിയോൺ മണി എഫ്1 വില്ലേജ് അദ്ലിയയിലെ ബ്ലോക്ക് 338-ൽ തുറന്നു. എഫ് 1 2023 ന് മുന്നോടിയായുള്ള രണ്ടാഴ്ചത്തെ ആഘോഷങ്ങളുടെ ഭാഗമായാണ് എഫ്1 വില്ലേജ് തുറന്നത്. ബഹ്റൈൻ എനർജി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് വിഭാഗമായ നോഗാഹോൾഡിംഗ് ആണ് പരിപാടിയുടെ പിന്തുണാ പങ്കാളി.
ഉദ്ഘാടന ചടങ്ങിൽ ബിഐസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ, ബിയോൺ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ ഖലീഫ, ബിയോൺ സിഇഒ മിക്കൽ വിന്റർ, ബിയോൺ മണി സിഇഒ റോബർട്ടോ മാൻകോൺ, നോഗാഹോൾഡിംഗിന്റെ ഗ്രൂപ്പ് സിഇഒ മാർക്ക് തോമസ് എന്നിവർ പങ്കെടുത്തു. ബിയോൺ മണി എഫ്1 വില്ലേജ് മാർച്ച് 2 വരെ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ ഉച്ച മുതൽ രാത്രി 11 വരെയും തുറന്നിരിക്കും.
റേസിംഗ് സിമുലേറ്ററുകൾ, ഡിജിറ്റൽ പെയിന്റ് മെഷീൻ ഉപയോഗിച്ച് എഫ്1 കാർ ലൈവറി ഡിസൈൻ ചെയ്യാനുള്ള അവസരം, സെൽഫി അനുഭവം തുടങ്ങി എഫ്1-മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ എഫ്1 വില്ലേജിൽ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ തത്സമയ സംഗീത പരിപാടികൾ, പ്രാദേശിക കരകൗശല വിദഗ്ധർ, തെരുവ് കലാകാരന്മാർ, മാന്ത്രികന്മാർ, വിനോദപരിപാടികൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.