മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലേബർ മാർക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി , ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്കിടയിൽ “ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെ” കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തൊഴിലിടങ്ങളിലെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, എൽഎംആർഎ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, എംബസി ഉദ്യോഗസ്ഥർ തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയുടെ ഭാഗമായി എൽഎംആർഎ ഉദ്യോഗസ്ഥരുമായി സംവാദ സെഷനും ഒരുക്കിയിരുന്നു. അതിൽ തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് എൽഎംആർഎ പ്രതിനിധി മറുപടി നൽകി. ബഹ്റൈനിൽ ഫ്ലെക്സി വിസ സംവിധാനം മാർച്ച് 4 നു അവസാനിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.