അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത കുറച്ച് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും മറ്റ് സർക്കാർ ഏജൻസികളും അറിയിച്ചു.
കാലാവസ്ഥയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കും സുരക്ഷാ ഉപദേശങ്ങൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദ്ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷം മേഘാവൃതമായിരിക്കും. വിവിധ തീവ്രതകളിൽ പലയിടത്തും മഴയുണ്ടാകും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇതോടൊപ്പം രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും കാരണമായേക്കാം. വെള്ളിയാഴ്ചയും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ക്കായി നിരവധി സുരക്ഷാ നിര്‍ദേശങ്ങളും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വളരെ അത്യാവശ്യമല്ലെങ്കില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.