ചെന്നൈ: തമിഴ്നാട്ടിലെ അരക്കോണം നമ്മിലിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്ന് മരണം. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കെ മുത്തുകുമാർ (39), എസ് ഭൂപാലൻ (40), ബി ജ്യോതിബാബു (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം.
കൽവീതി ഗ്രാമത്തിലെ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ വിഗ്രഹം ക്രെയിനിൻ മുകളിൽ കയറ്റി ഗ്രാമത്തിലൂടെ ഉയർത്തുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനക്കൂട്ടത്തിന്റെ മേലാണ് ക്രെയിൻ വീണത്. ക്രെയിനിനു മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്.
പരിക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.