ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇടത് സർക്കാർ വായ്പയെടുത്ത് പാഴാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. അഴിമതിക്ക് അറുതിവരുത്താൻ പിണറായി സർക്കാർ തയ്യാറല്ല. പണം കടമെടുത്ത് ധൂർത്തടിക്കുക എന്നതാണ് ഇടത് സർക്കാരിന്റെ നയം. നികുതി ഭാരം ബഡ്ജറ്റിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെ പുതിയ പോസ്റ്റ് അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നൽകേണ്ട ആവശ്യമില്ലായിരുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 10 വർഷമായി കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാൽ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജി.എസ്.ടി കുടിശ്ശികയായി 7,000 കോടി രൂപ കേന്ദ്രം ഇനിയും നൽകാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുകയെക്കുറിച്ച് ബി.ജെ.പി വീടുവീടാന്തരം കയറിയിറങ്ങി വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ പൂർത്തിയാക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാൻ ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്നും ബി.ജെ.പി അദ്ധ്യക്ഷൻ ആരോപിച്ചു. സർക്കാർ ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നുണ്ട്. എൻ.ഐ.എ റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പോലും പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്തത് സംസ്ഥാന പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഭക്ഷ്യസുരക്ഷയില്ല. ഭക്ഷണം കഴിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.