തിരുവനന്തപുരം: വർക്കല ഇടവ വെറ്റക്കട ബീച്ചിൽ വിദേശ വനിതകൾക്കെതിരായ അതിക്രമങ്ങൾ നിത്യസംഭവമാകുന്നതായി പരാതി. കടൽത്തീരത്ത് സർഫിങ്ങിനെത്തുന്ന വിദേശ വനിതകൾക്കാണ് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. ഞായറാഴ്ച രാവിലെ സർഫിംഗ് നടത്തുന്നതിനിടെ കരയിൽ വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയെ പ്രദേശവാസിയായ ഒരാൾ പൊട്ടിയ ബിയർ കുപ്പി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്വിം സ്യൂട്ട് ധരിച്ചതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയതെന്ന് ഫ്രഞ്ച് യുവതി പറഞ്ഞു.
കഴിഞ്ഞയാഴ്ചയും അതിനുമുമ്പും ഇതേ വ്യക്തി വിദേശ വനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. അന്യ സംസ്ഥാന വനിതകളും പ്രദേശത്ത് സർഫിംഗ് നടത്തുന്നവരും ആളെക്കുറിച്ച് അയിരൂർ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല.
കഴിഞ്ഞയാഴ്ച നടന്ന സംഭവം വ്ളോഗറായ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാഗ് ചെയ്താണ് പോസ്റ്റ്. പോസ്റ്റിനു ഒരു മില്ലിയണിലധികം കാഴ്ചക്കാരുണ്ടായിട്ടും അധികാരികളാരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി പറഞ്ഞു.