ആലപ്പുഴ: അശ്ലീല വീഡിയോ ചിത്രീകരിച്ച് ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ ആലപ്പുഴയിൽ അച്ചടക്ക നടപടികൾ അവസാനിപ്പിക്കാതെ സി.പി.എം. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന് ഏരിയാ കമ്മിറ്റി അംഗം എ.പി.സോണയെ പുറത്താക്കിയതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാനും സി.പി.എം തീരുമാനം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം പി.ഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയെടുക്കും. സോണയ്ക്കെതിരായ പരാതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ജയൻ പരാതിക്കാരിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പാർട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം തുടർ നടപടികളിലേക്ക് കടക്കുന്നത്.
പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ.പി സോണയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. സി.ഐ.ടി.യുവിൽ നിന്നും സോണയെ പുറത്താക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്യാൻ ഉടൻ ഏരിയാ കമ്മിറ്റി യോഗം ചേരും. ജില്ലാ സെക്രട്ടറി ആർ.നാസറാണ് റിപ്പോർട്ടിംഗ് നടത്തുക. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം ലഭിച്ചാലുടൻ ഇന്നോ നാളെയോ യോഗം ചേരുമെന്ന് ഏരിയാ നേതൃത്വം അറിയിച്ചു.