കൊച്ചി: ഇലന്തൂർ നരബലി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് കൊച്ചി പൊലീസ് എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്ത് 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതി ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെ കൂടാതെ പരമ്പരാഗത ചികിത്സകൻ ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കുറ്റപത്രത്തിൽ പറയുന്നു.