തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂറിനോട് തിരുവനന്തപുരത്തെ ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12ന് ഹാജരാകാനാണ് നിർദേശം.
കഴിഞ്ഞ വർഷം ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്. സംഭവത്തെ തുടർന്ന് എൻഎസ് നുസൂർ, എസ്എം ബാലു എന്നിവരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 12ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. നുസൂറിനും ബാലുവിനുമെതിരായ നടപടി ഈ യോഗത്തിൽ പിൻവലിക്കാനാണ് സാധ്യത.
കരിങ്കൊടി കാണിച്ചതിന് നുസൂറിനെയും ബാലുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചാറ്റ് പുറത്ത് വരികയും, മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ കേസിൽ പ്രതി ചേർക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് സുസൂറിനും ബാലുവിനുമെതിരെ സസ്പെൻഷനിൽ സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്.