ബത്തേരി: വയനാട് ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾക്കാടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. കാട്ടാനയെ വെടിവയ്ക്കാൻ ടാസ്ക് ഫോഴ്സ് അനുമതി തേടി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കുപ്പാടി വനമേഖലയിലാണ് കാട്ടാന ഇപ്പോഴും തുടരുന്നത്. ഇന്നലെ കുങ്കി ആനകളുടെ സഹായത്തോടെ കാട്ടാനയെ തുരത്താൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നഗരസഭ ഓഫീസിനും വ്യാപാര സ്ഥാപനങ്ങൾക്കും ഇടയിലുള്ള ദേശീയപാതയിൽ ഒരു മണിക്കൂറോളം ഓടിയ കാട്ടാന കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ ആക്രോശിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതിൽ തകർക്കുകയും ചെയ്തു. പിന്നീട് പിൻവാങ്ങിയെങ്കിലും കാട്ടിലേക്ക് ഇതുവരെ കയറിയിട്ടില്ല.
അതേസമയം ബഫർ സോൺ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതം ഉപരോധിക്കുകയാണ്. പ്രതിഷേധക്കാർ വിനോദസഞ്ചാരികളെ അകത്തേക്ക് കടത്തിവിടുന്നില്ല. ഇതോടെ കാനന സവാരിക്കെത്തിയ വിനോദ സഞ്ചാരികൾ മടങ്ങി.