മനാമ: തൊഴിൽ, താമസ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സെപ്റ്റംബറിൽ 4,847 പരിശോധനാ സന്ദർശനങ്ങളും സംയുക്ത കാമ്പയിനുകളും നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നിയമലംഘനം നടത്തിയ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 547 പേരെ ബഹ്റൈനിൽ നിന്ന് നാടുകടത്തുകയും ചെയ്തു.
രാജ്യത്തെ നാല് ഗവർണറേറ്റുകളിലായി 4,675 വാണിജ്യ സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തി. വിവിധ വകുപ്പുകളുമായി ചേർന്ന് 172 സംയുക്ത പരിശോധനാ കാമ്പയിനുകളും നടപ്പാക്കി. ക്യാപിറ്റൽ ഗവർണറേറ്റിൽ 74, മുഹറഖിൽ 57, നോർത്തേൺ ഗവർണറേറ്റിൽ 22, സതേൺ ഗവർണറേറ്റിൽ 19 കാമ്പയിനുകളാണ് നടത്തിയത്.
ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സ്, തീരദേശ സംരക്ഷണ സേന, വ്യവസായ-വാണിജ്യ മന്ത്രാലയം, ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു നടപടികൾ.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ പരിശോധന തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽരീതികൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh വെബ്സൈറ്റ്, തവാസുൽ ആപ്പ്, 17506055 എന്ന കോൾ സെന്റർ നമ്പർ എന്നിവ വഴി അറിയിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

