ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽ മാർച്ച് തടഞ്ഞതോടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെഡിയും പ്രതിഷേധത്തിൽ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരും ഇന്ത്യ സഖ്യത്തിലെ എംപിമാരും മാർച്ചിൽ അണിനിരന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് കടത്തിവിടില്ലെന്ന നിലപാടാണ് ഡൽഹി പൊലീസ് സ്വീകരിച്ചത്.
മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമാജ്വാദി പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയിരുന്നും പ്രതിഷേധിച്ചു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പുരുഷ പൊലീസ് ഉദ്യോഗസ്ഥരുടെ 27 കമ്പനികളും വനിതാ ഉദ്യോഗസ്ഥരുടെ നാല് കമ്പനികളും സുരക്ഷയ്ക്കായി രംഗത്തുണ്ടായിരുന്നു. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ പ്രവേശനകവാടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ മേൽനോട്ടം വഹിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ക്യാമറകൾ ഘടിപ്പിച്ചാണ് ചുമതല നിർവഹിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഗ്യാനേഷ് കുമാർ തകർത്തെന്ന് കോൺഗ്രസ് എംപിമാർ ആരോപിച്ചു. രാജ്യം വിശ്വാസത്തോടെയും അഭിമാനത്തോടെയും കണ്ടിരുന്ന സ്ഥാപനത്തിന്റെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അവർ പറഞ്ഞു. ഗ്യാനേഷ് കുമാറിനോട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ബിജെപി നേതാക്കളാണെന്നും എംപിമാർ ആരോപിച്ചു.

