അയോധ്യ: സനാതന ധര്മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ പ്രസംഗവുമായി അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്ന് പരമഹംസ പ്രഖ്യാപിച്ചു. ഉദനിധിയുടെ ചിത്രത്തില്‍ പരമഹംസ ആചാര്യ വാളുകൊണ്ട് വെട്ടുന്ന വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.
‘ഭൂമുഖത്ത് ആദ്യകാലം മുതല്‍ ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളു. അത് സനാതന ധര്‍മ്മമാണെന്നും അതിന് തുടക്കവും ഒടുക്കവും ഇല്ല. സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കും,’ പരമഹംസ ആചാര്യ പറഞ്ഞു. നേരത്തെ ഉദയനിധി സ്റ്റാലിന് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ബിജെപിയുടേയും ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയർന്നിരുന്നു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് അഭിപ്രായപ്പെട്ടത്.