ദുബൈ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വന്‍ വെടിക്കെട്ടൊരുക്കി ഗ്വിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തില്‍ യു.എ.ഇ. റാസല്‍ഖൈമയില്‍ ഒരുക്കുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡുകളാണ് യു.എ.ഇ ലക്ഷ്യം വെക്കുന്നത്.
വിവിധ നിറങ്ങളിലും പൈറോഡ്രോണ്സും അടക്കമുളളവ ഉപയോഗിച്ച് ഒരുക്കുന്ന വെടിക്കെട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍ ലോക റെക്കോര്‍ഡുകള്‍ മറികടക്കുന്നതായിരിക്കും പുതുവത്സരത്തിലെ കരിമരുന്ന് പ്രയോഗമെന്നാണ് റാസല്‍ഖൈമയിലെ സംഘാടകരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ 4.7 കിലോമീറ്റര്‍ ദൂരത്തില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുളള വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കും.
പുതുവര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യു.എ.ഇ ആസൂത്രണം ചെയ്തിരുന്നത്. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുളള ബീച്ചില്‍ കുട്ടികള്‍ക്ക് വിനോദത്തിനുളള സ്ഥലവും കുടുംബ സംഗമത്തിനുളള സൗകര്യങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ദുരന്ത നിവാരണ മാനേജ്മെന്റ്, ആരോഗ്യ വകുപ്പിന്റേയും ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.