ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രിയങ്ക ചോപ്രയുടെ ‘സിറ്റഡൽ’ സീരീസ്. സീരീസ് ഏപ്രിൽ 28 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. മെയ് 26 വരെ എല്ലാ ആഴ്ചയും ഒരു എപ്പിസോഡ് റിലീസ് ചെയ്യും. ‘ഗെയിം ഓഫ് ത്രോൺസി’ൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡൻ അഭിനയിക്കുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.
ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സീരീസ് ലഭ്യമാകും. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റഡലിൻ്റെ തകർച്ചയും സിറ്റഡലിന്റെ പതനത്തോടെ രക്ഷപ്പെട്ട ‘മേസൺ കെയ്ൻ’, ‘നാദിയാ സിൻ’ എന്നീ ഏജന്റുമാർ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ സ്വത്വങ്ങൾക്ക് കീഴിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് പരമ്പരയുടെ പ്രമേയം.
‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ’, ‘എൻഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന സീരീസാണിത്. മേസൺ കെയ്നായി റിച്ചാർഡ് മാഡനും, നാദിയ സെന്നായി പ്രിയങ്ക ചോപ്രയുമാണ് വേഷമിടുന്നത്. ഇവരെ കൂടാതെ വൻ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസും റൂസോ ബ്രദേഴ്സിന്റെ എജിബിഒയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.