തിരുവനന്തപുരം: സോളാർ കേസിൽ ഇനിയും സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമയമാകുമ്പോൾ എല്ലാം പുറത്തുവരും. പൂർണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കിലും ഇനിയും ചില കാര്യങ്ങൾ മറനീക്കി വരേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ താൻ പിന്നിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ ഇതെല്ലാം പുറത്തുവരുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് ബിജു രാധാകൃഷ്ണൻ തന്നോട് പറഞ്ഞ കാര്യങ്ങൾ. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാൽ അക്കാര്യങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പൈസപോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണം ഉണ്ടാകില്ല. ഒരു അന്വേഷണത്തിൽ നിന്ന് അത് മനസിലായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.