മലപ്പുറം: മദ്ധ്യവയസ്കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അറുപതുകാരൻ ഗുരുതരാവസ്ഥയിൽ. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫെന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അഷറഫും നാൽപ്പത്തിയഞ്ചുകാരിയായ ശാന്തയും ദീർഘകാലമായി അടുപ്പത്തിലായിരുന്നു. ദേഹോപദ്രവം ഏൽപിച്ചു തുടങ്ങിയതോടെ ശാന്തകുമാരി അഷറഫുമായി അകന്നു. ശല്യം തുടർന്നതോടെ ശാന്ത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അഷറഫ് ശാന്തയെ ആക്രമിച്ചത്. പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിൽ കയറിയാണ് ആക്രമിച്ചത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി അവിവാഹിതയുമാണ്