
തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്ഐ -പോലീസ് സംഘർഷത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്എഫ്ഐയുടെ എക്സർസൈസ് ആണ് നടക്കുന്നത്. ഭരണം മാറിയപ്പോൾ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണ്. ലാത്തി ചാർജ് ഉണ്ടാകരുതെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്. പത്ത് വര്‍ഷം ഭരിച്ചവരല്ലേ? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. സംയമനം പാലിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഒന്നിനും സമമായിട്ടില്ല. ഇനിയും സമയമുണ്ട്’- ആഭ്യന്തരമന്ത്രി പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും നടപടിയെന്നും മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. ആ റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അഞ്ച് പേർക്കെതിരെ നിയമനടപടി. സ്വാഭാവിക നടപടി മാത്രമാണ്, നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


