ന്യൂയോർക്ക്: 80 കിലോ ഭാരം നിസ്സാരമായി എടുത്ത് പൊക്കിയ ഏഴ് വയസുകാരി റൊറി വാൻ ഉൾഫാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ കുട്ടി താരം. കാനഡയിൽ സ്ഥിരതാമസക്കാരിയായ റൊറി റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് റൊറിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സിൻക്ലെയർ ടൊട്ടലിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി റൊറിയാണ്.
ചെറിയ പ്രായത്തിൽ തന്നെ റൊറി പരിശീലനം ആരംഭിച്ചിരുന്നു. അഞ്ചാം വയസ് മുതലാണ് ഈ കൊച്ചുമിടുക്കി ലിഫ്റ്റിംഗ് ആരംഭിച്ചത്. 13 വയസുള്ള കുട്ടികളുടെ 30 കിലോയിൽ താഴെയുള്ള വെയിറ്റ് ലിഫ്റ്റിൽ റൊറി അമേരിക്കൻ ചാമ്പ്യൻ പട്ടവും നേടിയിട്ടുണ്ട്. ആഴ്ചയിൽ ഒൻപത് മണിക്കൂർ റൊറി പരിശീലനത്തിനായി മാറ്റിവയ്ക്കാറുമുണ്ട്.
കൂടുതൽ ശക്തയാവാനാണ് താൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താൻ ചിന്തിക്കാറില്ലെന്നും റൊറി പറയുന്നു. നിരവധി ആരാധകരാണ് റൊറിക്കുള്ളത്. കഠിന പരിശ്രമത്തിലൂടെയാണ് റൊറി ഈ ഉയരങ്ങൾ കീഴടക്കുന്നത്.